സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ ഉൾപ്പെടെയുള്ളവരുടെ സസ്പെൻഷൻ മരവിപ്പിച്ചു. ഡിഎഫ്ഒ ഷജ്‌ന കരീം, റേഞ്ച് ഓഫീസര്‍ എം.സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കെതിരായ നടപടിയാണ് ഉത്തരവിറങ്ങിയതിന് പിന്നാലെ അതിവേഗത്തില്‍ മരവിപ്പിച്ചിരിക്കുന്നത്. ജീവനക്കാരില്‍ നിന്ന് വിശദീകരണം തേടിയ ശേഷം മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. മരംമുറിയില്‍ ഉന്നത ഉദ്യോഗസ്ഥയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
വനം കൊള്ള തടയുന്നതില്‍ ജാഗ്രത കാണിച്ചില്ല. മരമുറി അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ ഒത്താശ ചെയ്തു തുടങ്ങിയ ഗുരുതര കണ്ടെത്തലുകള്‍ സസ്‌പെന്‍ഷന്‍ ഉത്തരവിലും പറഞ്ഞിരുന്നു. മരംമുറി അന്വേഷിച്ച വനം വിജിലന്‍സ് സംഘം ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങളാണ് അനധികൃതമായി മുറിച്ച് മാറ്റിയത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് 5 ഏക്കര്‍ വീതം പതിച്ചു നല്‍കിയ 1086 ഹെക്ടര്‍ ഭൂമിയിലാണ് വനംകൊള്ള നടന്നത്.
ഭീമന്‍ മരങ്ങള്‍ വരെ മുറിച്ച് കടത്തിയിട്ടുണ്ട്. മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ അറിവോടെയാണെന്നും, ഡിഎഫ്ഒ ഷജ്‌ന അടക്കം 18 ഉദ്യോഗസ്‌ഥർ കൃത്യവിലോപം നടത്തിയെന്നുമാണ് ഡോ. എൽ ചന്ദ്രശേഖർ ഐഎഫ്എസിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്. അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും ഫീല്‍ഡ് പരിശോധന നടത്തി യഥാസമയം നടപടികള്‍ സ്വീകരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.