ഹോം വോട്ടിംഗിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് നടപടി. പ്രസ്തുത വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം
ഹോം വോട്ടിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെരുവയലിലെ എണ്‍പത്തി നാലാം ബൂത്തിലെ വോട്ടറായ 91കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് സസ്‌പെന്‍ഷന്‍.
ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ ബൂത്ത് ലെവല്‍ ഏജന്റ് നല്‍കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും മേല്‍ ഉപവരണാധികാരി നല്‍കിയ റിപ്പോര്‍ട്ടിന്റെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് നോട്ടീസ് നൽകി. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ “ഈദ് വിത്ത് ഷാഫി ” എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പിൽ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു.