സംസ്ഥാനത്ത് തുടരുന്ന കൊടും ചൂടിന് ആശ്വാസമായി ഈ ആഴ്ച നാല് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 4,5,6,7 തീയതികളിലാണ് കേരളത്തിൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം ഇന്ന് 8 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ എവിടെയും അലേർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മെയ് എഴിന് വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം കേരള തീരത്ത് അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS)ജാഗ്രത നിർദ്ദേശമാണ് നൽകിയത്. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് കള്ളക്കടൽ പ്രതിഭാസത്തിന് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്.
ഇന്നു പുലർച്ചെ 2.30 മുതൽ നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം.