പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഇതുവരെ 28 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, എഫ്ഐആറുകളുടെ എണ്ണം 29 ആയി ഉയർന്നിട്ടുണ്ട്. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും, പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ കൂടി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളിൽ ചിലർ വിദേശത്തായിരിക്കുകയാണ്, ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടരുമെന്ന് അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് സാധ്യത.
13-ാം വയസുമുതൽ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. വിശദമായ അന്വേഷണം നടത്തിയ പോലീസ് ആദ്യം കൂട്ട ബലാത്സംഗത്തിൽ ഉൾപ്പെട്ട അഞ്ചു പേരെ അറസ്റ്റ് ചെയ്തു. തുടർന്ന്, കൂടുതൽ അന്വേഷണം നടത്തി ആകെ 28 പേരെ പിടികൂടി. ഇതിന് പുറമെ, കൂടുതൽ ആളുകൾ കസ്റ്റഡിയിലുണ്ട്.
2024 ജനുവരിയിൽ ജനറൽ ആശുപത്രിയിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തി. പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രതികളിൽ ചിലർ പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചിരുന്നു. സുബിൻ എന്ന യുവാവ് ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. തുടർന്ന്, സുഹൃത്തുക്കൾക്കായി പെൺകുട്ടിയെ കാഴ്ചവെച്ചുവെന്നും, പ്രതികൾ മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നും റിപ്പോർട്ട് ചെയ്യുന്നു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ തുടർ പീഡനം നടന്നുവെന്ന് പൊലീസ് പറയുന്നു. ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പല പ്രതികളും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും, കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു.