കടയ്ക്കൽ: പന്ത്രണ്ടു വയസ്സുകാരനെ മർദിച്ചു കയ്യൊടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചരിപ്പറമ്പ് വെളുന്തറ മുണ്ടമൺവിള കരിക്കകത്ത് വീട്ടിൽ രഞ്ജിത്തിനെ(33)യാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ വൈകിട്ടാണു ബാലനു മർദനമേൽക്കുന്നത്. മർദനമേറ്റ കുട്ടിയും രഞ്ജിത്തിന്റെ മകനും കൂടി സ്കൂളിൽ നിന്നു കളിക്കാനായി ക്രിക്കറ്റ് ബാറ്റ് കൊണ്ടു വന്നു. കളിച്ച ശേഷം രഞ്ജിത്തിന്റെ മകൻ ബാറ്റ് വീട്ടിൽ സൂക്ഷിച്ചു. വൈകിട്ട് വീട്ടിൽ എത്തിയ രഞ്ജിത്ത് ബാറ്റ് എവിടെ നിന്നാണെന്നു തിരക്കി.
സ്കൂളിൽ നിന്നു ബാറ്റ് എടുത്ത് നൽകിയതു കൂട്ടുകാരനാണെന്നു രഞ്ജിത്തിന്റെ മകൻ പറഞ്ഞു. രഞ്ജിത്ത് മകനെയും കൂട്ടി പന്ത്രണ്ടുവയസ്സുകാരന്റെ വീട്ടിൽ എത്തി. വിളിച്ചുകൊണ്ടു പോയി മുറിയിൽ പൂട്ടിയിട്ടു മർദിച്ചെന്നാണു പരാതി. സ്കൂളിൽ നിന്നു ബാറ്റ് എടുത്ത് കൊണ്ടു വന്നത് എന്തിനെന്നു ചോദിച്ചായിരുന്നു മർദനം,കൈക്കും കാലിനും അടിയേറ്റ കുട്ടിയുടെ വലതു കൈക്ക് പൊട്ടൽ ഉണ്ടായി. കുട്ടിയെയും കൊണ്ട് അമ്മൂമ്മ കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.
പിന്നീട് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് പൊട്ടൽ ഉള്ളതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിട്ടു. അവിടെ കൈക്ക് പ്ലാസ്റ്ററിട്ടു. എന്നാൽ ആദ്യം പൊലീസ് കേസെടുത്തില്ല. പൊലീസിനെതിരെ പരാതി ഉയർന്നതോടെ ബുധൻ രാത്രി കേസെടുത്തു. രഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.