ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുള്ളതായാണ് വിവരം. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസ് പാൽ കണ്ടെയ്‌നറിൽ ഇടിച്ചാണ് അപകടം
ലക്നൗ – ആഗ്ര അതിവേഗപാതയിലായിരുന്നു അപകടം. ബിഹാറിലെ സീതാമർഹിയിൽനിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസും ടാങ്കറും പൂർണമായും തകർന്നു. സംഭവം അറിഞ്ഞയുടൻ തന്നെ മേഖലയിലുള്ളവർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പതിനെട്ട് പേരെയും മരിച്ച നിലയിൽത്തന്നെയാണ് പുറത്തെടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ മൃതദേഹങ്ങൾ നടുറോഡിൽ നിരത്തിവെച്ചിട്ടിരിക്കുന്നത് കാണാം.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.