1951 മുതല്‍ 2019 വരെയുള്ള ഇന്ത്യയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മത്സരിച്ചത് 48,103 സ്വതന്ത്രര്‍. എന്നാല്‍ ഇതില്‍ 234 പേര്‍ മാത്രമാണ് വിജയിച്ച് സഭയിലെത്തിയത്. ബാക്കി 47,163 പേര്‍ക്കും കെട്ടിവെച്ച തുക പോലും തിരിച്ചുകിട്ടിയില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തോടെയല്ലാതെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുന്നവരാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍.
രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയത്. ഏകദേശം 42 സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് 1957ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് പാർലമെന്റിൽ എത്തിയത്. ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 37 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ ഈ ട്രെന്‍ഡ് നിലനിര്‍ത്താന്‍ സാധിച്ചില്ല.
1991ല്‍ കേവലം ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്കാണ് മത്സരിച്ച് വിജയിക്കാന്‍ സാധിച്ചത്. അതിന് ശേഷം നടന്ന ഓരോ തെരഞ്ഞെടുപ്പിലും വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ എണ്ണം രണ്ടക്കത്തിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖകകളില്‍ പറയുന്നത്.
ഇപ്പോഴിതാ രാജ്യം പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ഘട്ട വോട്ടിംഗ് ഫെബ്രുവരി 19 നായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് ഘട്ടങ്ങളിലായി 1458 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ആദ്യ ഘട്ടമായ ഫെബ്രുവരി 19ന് 889 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. രണ്ടാം ഘട്ട വോട്ടിംഗ് നടക്കുന്ന ഏപ്രില്‍ 26ന് 569 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാകും മത്സര രംഗത്തെത്തുക.
രണ്ട് ഘട്ടങ്ങളിലുമായി 2,823 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുക. അതില്‍ 52 ശതമാനം പേരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്.
രാജ്യത്തെ ഏതൊരു പൗരനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ട്. 25 വയസ്സ് പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടാത്ത ഏതൊരാള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്നതാണ്. ആസാം, ലക്ഷദ്വീപ് , സിക്കിം എന്നിവിടങ്ങളിലെ സ്വയംഭരണ ഭരണ ജില്ലകള്‍ ഒഴികെ രാജ്യത്തെവിടെ നിന്ന് വേണമെങ്കിലും പൗരന്‍മാര്‍ക്ക് മത്സരിക്കാനാകും. രണ്ടിലധികം ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയില്ല.