ഐപിഎൽ മാമാങ്കം നടന്നു കൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ. അതുകൊണ്ട് തന്നെ അതിനപ്പുറമുള്ള ചർച്ചകൾക്ക് ഒക്കെ അത്ര പ്രാധാന്യം ഒന്നും കൽപ്പിക്കപ്പെടുന്നില്ല. എന്നാൽ സൂപ്പർതാരം വിരാട് കോഹ്‌ലിയുടെ കാര്യത്തിൽ അത് തികച്ചും വ്യത്യസ്‌തമാണ്. കോഹ്ലിയുടെ പേര് തന്നെ മതി ആളുകൂടാൻ എന്നറിയാമല്ലോ.
ഐപിഎൽ അല്ല എന്ത് ഭൂകമ്പം വന്നാലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് വിരാട് കോഹ്ലി ടി20 ലോകകപ്പിൽ കളിക്കുമോ എന്നറിയാനാണ്. എന്നാൽ ഇപ്പോഴിതാ അക്കാര്യത്തിൽ ചെറിയൊരു വെളിച്ചം വീശുന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കോഹ്ലി തന്നെ തന്റെ സാധ്യതകളെ പറ്റി ആരാഞ്ഞുവെന്നാണ് വിവരം.
എന്നാൽ ബിസിസിഐ ഇക്കാര്യത്തിൽ കാലങ്ങളായി ഒരു കൃത്യമായ നിലപാടില്ലാതെ മുന്നോട്ട് പോവുന്ന സാഹചര്യമായിരുന്നു. പക്ഷേ ഇപ്പോൾ ആ സാഹചര്യം മാറിയെന്നാണ് ലഭ്യമായ വിവരം. കോഹ്ലിയുട ലോകകപ്പ് ടീം പ്രവേശനം ഒട്ടും അകലെയല്ല എന്നാണ് സൂചന. എങ്കിലും അതിലൊരു വമ്പൻ ട്വിസ്‌റ്റ് തന്നെ ബിസിസിഐ ഒരുക്കി വച്ചിട്ടുണ്ട്.
ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാൻ ആഴ്‌ചകൾ മാത്രം ശേഷിക്കെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അധികൃതർ നായകൻ രോഹിത് ശർമ്മ, കോച്ച് രാഹുൽ ദ്രാവിഡ്, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവരുമായി മുംബൈയിൽ നിർണായക ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്‌ലിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടായിരിക്കുന്നത്. കൂടാതെ ഹർദിക് പാണ്ഡ്യയുടെ വിഷയവും ചർച്ചയ്ക്ക് വന്നെന്നാണ് സൂചന. കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റ് മാത്രമാണ് ഇക്കാര്യത്തിൽ ഒരു തടസമായി നിൽക്കുന്നത്. എങ്കിലും യശസ്വി ജയ്‌സ്വാൾ മോശം ഫോമിലൂടെ കടന്നുപോവുന്ന സാഹചര്യത്തിൽ കോഹ്ലി രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പൺ ചെയ്യട്ടെ എന്ന നിലപാടിലാണ് ബിസിസിഐ എന്നാണ് റിപ്പോർട്ടുകൾ.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ലെങ്കിലും രോഹിത് ശർമ്മയും തൃപ്‌തനാണെന്നാണ് വിവരം. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിനായി കോഹ്ലിയാണ് ഓപ്പൺ ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ മുതിർന്ന താരത്തിന് ഈ പൊസിഷൻ തന്നെയാവും മികച്ചതെന്നാണ് സെലക്‌ടർമാർ ഉൾപ്പെടെ കരുതുന്നത്. ശുഭ്മാൻ ഗില്ലിനെ ഒരു ബാക്കപ്പ് ഓപ്പണറായി ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. പ്രത്യേകിച്ച് താരം തന്റെ കരിയറിലെ അത്ര മികച്ച സാഹചര്യത്തിലൂടെ അല്ല കടന്നുപോവുന്നത് എന്നതിനാൽ. ടി20യിൽ കോഹ്ലി ഓപ്പൺ ചെയ്‌തപ്പോൾ ഒക്കെയും സ്ട്രൈക്ക് റേറ്റ് 161 ആണ്. ഓപ്പൺ കോഹ്ലി സെഞ്ച്വറി നേടിയതും ഈ പൊസിഷനിൽ കളിക്കുമ്പോഴാണ് എന്നതാണ് ബിസിസിഐയെ മാറി മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.
മധ്യനിരയിൽ, റിങ്കു സിംഗ്, ശിവം ദുബെ എന്നിവരെപ്പോലുള്ളയുവ താരങ്ങളെ ഉൾപ്പെടുത്താനും ബിസിസിഐ ശ്രമിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്, കൂടാതെ രാജസ്ഥാൻ ടീമിലെ മിന്നും താരം റിയാൻ പരാഗും പരിഗണനയിലുണ്ടെന്നാണ് സൂചന. കോഹ്ലി ഓപ്പണർ ആയാൽ യശസ്വി ജയ്‌സ്വാളിന്റെ സാധ്യത ഏറെക്കുറെ മങ്ങുമെന്ന് ഉറപ്പാണ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയാൻ ഒരൽപം കൂടി കാത്തിരിക്കേണ്ടി വരും.