ബജറ്റ് ഫോണുകളുടെ ജനപ്രീതിക്ക് ഇതുവരെ ഒരു കോട്ടവും സംഭവിച്ചിട്ടില്ല. എത്രയൊക്കെ പ്രീമിയം സ്‍മാർട്ട്ഫോണുകൾ വന്നാലും പോയാലും ബജറ്റ് ഫോണുകൾ തലയുയർത്തി തന്നെ നിൽക്കുന്നതിന്റെ കാരണം അവ സാധാരണക്കാരുടെ ഇഷ്‌ട മേഖല ആയത് കൊണ്ട് കൂടിയാണ്. കുറഞ്ഞ വിലയും ഭേദപ്പെട്ട ഫീച്ചറുകളും ഒക്കെയാണ് ഈ ഫോണുകളെ വ്യത്യസ്‌തമാക്കുന്നത്.
എന്നാൽ എല്ലാ ബജറ്റ് ഫോണുകളും ഇന്ത്യൻ വിപണിയിൽ കൊണ്ടാടപ്പെടാറില്ല. അതിൽ പക്ഷേ റിയൽമി എന്ന ബ്രാൻഡിന് നല്ല ജനപ്രീതിയാണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായത്. അത് നിലനിർത്തുന്നതിനായി കൂടുതൽ മോഡലുകൾ അവർ രംഗത്തിറക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അവർ രംഗത്തിറക്കുന്ന മോഡലാണ് റിയൽമി നാർസോ 70എക്‌സ്.
ഒരുപാട് ഫീച്ചറുകൾ ഒരുക്കി കൊണ്ടാണ് കമ്പനി ഈ ഫോണിനെ അവതരിപ്പിക്കുന്നത്. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഏപ്രിൽ 24ന് ഫോൺ വിപണിയിൽ എത്തിക്കാനാണ് റിയൽമിയുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കമ്പനി സോഷ്യൽ മീഡിയയിൽ ഒരു ടീസർ ഉൾപ്പെടെ പങ്കുവച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.
കുറഞ്ഞ വിലയിൽ എത്തുന്ന റിയൽമിയുടെ ഈ അവതാരം പക്ഷേ ഫീച്ചറുകളുടെ കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല. കഴിഞ്ഞ വർഷം വിപണിയിൽ ഇറങ്ങിയ റിയൽമി നാർസോ 60 എക്‌സിന്റെ പിൻഗാമിയായാണ് റിയൽമിയുടെ ഈ പുത്തൻ ഫോൺ അരങ്ങേറുക. ഇത് 45W ഫാസ്‌റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു.
ഏറ്റവും സന്തോഷകരമായ വസ്‌തുത എന്തെന്നാൽ ഈ ഫോണിന്റെ വില 12000 രൂപയിൽ താഴെ ആയിരിക്കും എന്ന് കമ്പനി തന്നെ അറിയിച്ചു എന്നതാണ്. 45W ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് വേണ്ടി ഐപി54 സവിശേഷതയും അടങ്ങിയതാണ് ഈ ഫോൺ. എന്നാൽ ഫോണിന്റെ മറ്റ് ഫീച്ചറുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. റിയൽമി 60എക്‌സ് 5ജിയുടെ 6.72-ഇഞ്ച് ഫുൾ-എച്ച്‌ഡി+ എൽസിഡി ഡിസ്‌പ്ലേയെക്കാൾ മെച്ചപ്പെട്ട ഒന്ന് തന്നെ ഈ മോഡലിൽ വരുമെന്നാണ് പ്രതീക്ഷ.
പഴയ മോഡലിൽ 6 ജിബി വരെ റാമും 128 ജിബി ഇൻബിൽറ്റ് സ്‌റ്റോറേജും ഉള്ള ഒക്റ്റാ-കോർ മീഡിയടെക് ഡൈമൻസിറ്റി 6100+ എസ്ഒസി ആയിരുന്നു നൽകിയിരുന്നത്. മുൻ മോഡലിൽ ഡ്യൂവൽ ക്യാമറ സംവിധാനമാണ് ഉണ്ടായിരുന്നത്. ഇതിൽ കൂടുതലായി എന്തെങ്കിലും പരീക്ഷണത്തിന് റിയൽമി മുതിരുമോ എന്നത് അറിയാൻ ഏപ്രിൽ 24 വരെ കാത്തിരിക്കേണ്ടി വരും.