മുംബൈ: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കൊപ്പം കിരീടനേട്ടത്തില്‍ പങ്കാളിയാവാന്‍ സാധിച്ചെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിനൊപ്പം യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍, ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും ബെഞ്ചിലിരിക്കേണ്ടിവന്നിരുന്നു. ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടും ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങാന്‍ അവസരം ലഭിക്കാത്ത താരങ്ങളെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ത്യന്‍ ടീം നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു കോച്ചിന്റെ പ്രതികരണം.
‘ലോകകപ്പില്‍ 11 പേരാണ് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. മറ്റ് നാലുപേര്‍ക്കും ബെഞ്ചിലിരിക്കേണ്ടി വന്നു. അതില്‍ തന്നെ അമേരിക്കയില്‍ നടന്ന ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് മുഹമ്മദ് സിറാജിന് അവസരം ലഭിച്ചത്. സഞ്ജു സാംസണ്‍, യുസ്‌വേന്ദ്ര ചഹല്‍, യശസ്വി ജയ്‌സ്‌വാള്‍ എന്നീ മൂന്ന് താരങ്ങള്‍ക്ക് ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല’, ദ്രാവിഡ് മോദിയോട് പറഞ്ഞു.
‘എന്നാല്‍ പുറത്തിരിക്കുമ്പോഴും ഇവരുടെ ഭാഗത്തുനിന്നുണ്ടായ വലിയ സ്പിരിറ്റും ആവേശവും എടുത്തുപറയേണ്ടതാണ്. കളിക്കാന്‍ സാധിക്കാതെ പോയതിന്റെ പേരില്‍ ഇവര്‍ ഒരിക്കല്‍ പോലും നിരാശ പ്രകടിപ്പിച്ചിട്ടില്ല. ഇവര്‍ മൂവരും ടീമിന്റെ വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്’, ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് പകരം റിഷഭ് പന്തിനെയാണ് എല്ലാ ലോകകപ്പ് മത്സരങ്ങളിലും ഇന്ത്യ കളത്തിലിറക്കിയത്. അഞ്ചാം നമ്പറില്‍ ശിവം ദുബെ നിരാശപ്പെടുത്തിയിട്ടും സഞ്ജുവിന് അവസരം നല്‍കാന്‍ ടീം തയ്യാറായില്ല. വിരാട് കോഹ്‌ലി ഓപ്പണറായി ഇറക്കിയത് ജയ്‌സ്‌വാളിനും രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നീ രണ്ട് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരെ ഒരുമിച്ച് ഇറക്കിയത് ചഹലിനും തിരിച്ചടിയായി.