ഗാസയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായതോടെ പലസ്തീനികള്‍ അഭയം തേടുന്ന പ്രദേശമാണ് റഫ. 1.4 മില്യണിലധികം പേരാണ് ഇവിടെ അഭയം തേടിയെത്തിയിരിക്കുന്നത്. ഇവിടെയും ഇസ്രായേല്‍ ആക്രമണം തുടര്‍ന്നതോടെയാണ് റഫയെ രക്ഷിക്കണമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്നുകള്‍ ഉയര്‍ന്നത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഓള്‍ ഐസ് ഓണ്‍ റഫ എന്ന ചിത്രം 24 മണിക്കൂറിനിടെ 29 മില്യണ്‍ പേരാണ് ഷെയര്‍ ചെയ്തത്. ബോളിവുഡ് സെലിബ്രിറ്റികളും ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.
റഫയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു, ഇതിനുപിന്നാലെയാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓള്‍ ഐസ് ഓണ്‍ റഫ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ ഓഫീസ് ഡയറക്ടര്‍ റിക്ക് പീപ്പര്‍കോണാണ് ഓള്‍ ഐസ് ഓണ്‍ റഫ എന്ന മുദ്രാവാക്യത്തിന്റെ സ്രഷ്ടാവ്.
അഭയാര്‍ത്ഥി ടെന്റുകളുടെ പശ്ചാത്തലത്തില്‍ ‘All eyes on rafah’ എന്നെഴുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം ആദ്യമായി ഷെയര്‍ ചെയ്യപ്പെട്ടതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂര്‍ കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയായിരുന്നു. എഐ ജനറേറ്റഡ് ചിത്രമാണ് നിലവില്‍ ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്ത്യയില്‍ നിരവധി പേരാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. റിച്ച ഛദ്ദ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ഇല്യാന ഡിക്രൂസ്, ദിയ മിര്‍സ, വരുണ്‍ ധവാന്‍, സാമന്ത റൂത്ത് പ്രഭു, സംവിധായകന്‍ ആറ്റ്‌ലി, ടെന്നീസ് താരം സാനിയ മിര്‍സ എന്നിവരും ചിത്രം തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
’’ ഗാസയില്‍ പട്ടിണികിടക്കുന്ന ജനതയ്ക്ക് നേരെ ഇസ്രായേല്‍ വംശഹത്യയാണ് നടത്തുന്നത്. കുഞ്ഞുങ്ങളും സ്ത്രീകളും, മാധ്യമപ്രവര്‍ത്തകരും ഡോക്ടര്‍മാരും ക്രൂരമായി കൊല്ലപ്പെടുന്നു. ഇത് വംശഹത്യയാണ്. ആക്രമണത്തെ ശക്തമായി അപലപിക്കേണ്ട സമയമായി,’’ റിച്ച ഛദ്ദ സോഷ്യല്‍ മീഡയയില്‍ കുറിച്ചു.
’’ എല്ലാ കുഞ്ഞുങ്ങളും സ്‌നേഹം അര്‍ഹിക്കുന്നു. സുരക്ഷിതത്വം അര്‍ഹിക്കുന്നു. സമാധാനം അര്‍ഹിക്കുന്നു. ഒരു ജീവിതം അര്‍ഹിക്കുന്നു. ഇതെല്ലാം തങ്ങളുടെ മക്കള്‍ക്കുണ്ടാകണമെന്നാണ് എല്ലാ അമ്മമാരും ആഗ്രഹിക്കുന്നത്,’’ ഓള്‍ ഐസ് ഓണ്‍ റഫ ചിത്രം പങ്കുവെച്ച് ആലിയ ഭട്ട് കുറിച്ചു.
ഓള്‍ ഐസ് ഓണ്‍ റഫ ചിത്രം ട്രെന്‍ഡിംഗായതിന് പിന്നാലെ ഇതിനു ബദലായി ചില പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
’’ ഓള്‍ ഐസ് റഫ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ശ്രദ്ധിക്കുക. പെണ്‍കുട്ടികളും സ്ത്രീകളും ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 320 സ്ത്രീകളും പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. 100 ലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി. അന്ന് നിങ്ങള്‍ എന്തുകൊണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടില്ല? നിങ്ങള്‍ അന്ന് കണ്ണടച്ചിരുന്നോ?,’’ എന്നാണ് ഇസ്രായേല്‍ അനുകൂലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഗാസ-ഈജിപ്റ്റ് അതിര്‍ത്തിയിലും കിഴക്കന്‍ റഫയിലും പരിമിതമായ സൈനിക പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിവരുന്നതെന്ന് ഇസ്രായേല്‍ പ്രതികരിച്ചു. നഗരത്തില്‍ സമ്പൂര്‍ണ്ണ ആക്രമണം നടത്തുന്നതിനെതിരെ പാശ്ചാത്യ സഖ്യകക്ഷികള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയതെന്ന് ഇസ്രായേല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം റഫയില്‍ നടത്തിയ ആക്രമണം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഒരു തെറ്റായിരുന്നുവെന്ന് സമ്മതിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തിയിരുന്നു.