കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാരവൻ ടൂറിസം കട്ടപ്പുറത്ത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലക്ക് വൻ മുതൽക്കൂട്ടാകുമെന്ന് അവകാശപ്പെട്ട് തുടങ്ങിയ പദ്ധതി പേരിനൊരു കാരവൻ പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. വിനോദ സഞ്ചാര വകുപ്പിന്‍റെ വൻ വാഗ്ദാനങ്ങൾ വിശ്വസിച്ച് കാരവനും കാരവൻ പാര്‍ക്കും തുടങ്ങാൻ പണം നിക്ഷേപിച്ച സംരംഭകരിൽ മിക്കവരും കോടികളുടെ നഷ്ടത്തിലും കടക്കെണിയിലുമാണ്.
മുപ്പത്താറ് വര്ഷത്തിനിടക്ക് ഇതാ കേരളത്തിന് പുതിയൊരു ടൂറിസം പ്രൊഡക്ട് എന്ന് വിശേഷിപ്പിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് കാരവൻ പാര്‍ക്കുകൾ പ്രഖ്യാപിച്ചത്. ആഡംബര യാത്രക്കൊപ്പം പ്രകൃതി രമണീയമായ സ്ഥലത്ത് അതേ വാഹനത്തിൽ തന്നെ താമസ സൗകര്യവും ഒരുക്കുന്നതായിരുന്നു പദ്ധതി. കോടികൾ മുടക്കി നാടുനീളെ പ്രചാരം നൽകി. കൊട്ടിഘോഷിച്ച ഉദ്ഘാടനങ്ങൾ നടന്നു. ടൂറിസം മേഖലയിൽ മുമ്പെങ്ങുമില്ലാത്ത എന്തോ നടക്കാൻ പോകുന്നു എന്ന തോന്നലുണ്ടാക്കി.
എന്നാൽ മാസങ്ങൾക്ക് ശേഷം സംസ്ഥാന തല ഉദ്ഘാടനം നടന്ന വാഗമണിൽ നിന്ന് നോക്കുമ്പോൾ കാണുന്നത് കട്ടപ്പുറത്തായ കാരവൻ ടൂറിസമാണ്.
നാല് സീറ്റും കിടക്കാനുള്ള സൗകര്യവും ശുചിമുറിയും മുതൽ ഹോം തിയറ്റര്‍ വരെയുള്ള സൗകര്യങ്ങളോടെ ഒരു കാരവൻ ഇറക്കാൻ ഒരു കോടിയോളം രൂപ വേണം. 20000 മുതൽ 25000 വരെ വാടക. മുടക്ക് മുതൽ മുതലാകണമെങ്കിൽ പകുതിയിലധികം ദിവസം നിര്‍ത്താതെ ഓടേണ്ട അവസ്ഥ. 1500 ഓളം കാരവനുകളിറക്കാൻ 373 സംരംഭകര്‍ രജിസ്റ്റര്‍ ചെയ്തെന്നായിരുന്നു ടൂറിസം വകുപ്പിന്‍റെ അവകാശവാദം.
150 ഓളം പാര്‍ക്കുകൾക്ക് പ്രപ്പോസാലായെന്നും. എന്നിട്ടിപ്പോൾ എത്ര കാരവനുണ്ടെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് 10 എന്നാണ് ഉത്തരം. പൂട്ടിക്കെട്ടിയ പദ്ധതിയുടെ കണക്ക് ചോദിച്ചാൽ പരിശോധിക്കണമെന്ന മുട്ടാപ്പോക്കാണ് മറുപടി. സഞ്ചാരികളെ ആകർഷിക്കുന്നതിൽ തുടങ്ങി കാരവനുകൾ നിർത്തിയിടാനുള്ള സൗകര്യത്തിൽ വരെ വെറും വാക്കല്ലാതെ വകുപ്പൊന്നും ചെയ്തില്ലെന്നാണ് കൈപൊള്ളിയ സംരംഭകരുടെ സാക്ഷ്യം.
തലസ്ഥാനത്തെ പ്രമുഖ ഹിൽസ്റ്റേഷനായ പൊൻമുടിയിൽ കെടിഡിസി കാരവൻ പാർക്കൊരുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പദ്ധതി പ‌്രാബല്യത്തിൽ വന്നത് 2021ൽ. പ്രചരണ വീഡിയോ അടക്കം ആദ്യവർഷം പരസ്യത്തിന് ചെലവ് 90 ലക്ഷം രൂപ. രണ്ടാം ഘട്ട പരസ്യത്തിന് ഒരു കോടി ഏഴര ലക്ഷം വേറെയും. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ മാറുന്ന അഭിരുചിക്കനുസരിച്ചായിരുന്നു പദ്ധതിയെന്നാണ് ടൂറിസം വകുപ്പ് ഇപ്പോഴും പറയുന്നത്. പശ്ചാത്തല സൗകര്യം ഒരുക്കുന്നതിലും സംരംഭകരെ പെരുവഴിയിലാക്കിയതിനും പക്ഷെ മറുപടിയും ഇല്ല.