നാഗ്പൂർ: വെറും നാല് വയസുമാത്രമായ പേരക്കുട്ടിയെ മകനും മരുമകളും അടിച്ചതിൽ ദേഷ്യപ്പെട്ട് മകന് നേരെ നിറയൊഴിച്ച് മുൻ സൈനികൻ. നാഗ്പൂരിലെ ചിന്താമണി ഏരിയയിൽ താമസിക്കുന്ന മുൻ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. 68 വയസുകാരനായ മുൻ സൈനികനാണ് പ്രതി. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ഇയാൾ ബാങ്ക് വാനിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു. രാത്രി വീട്ടിലെത്തിയപ്പോൾ നാല് വയസ് മാത്രമുള്ള പേരക്കുട്ടിയെ മകനും മരുമകളും അടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തർക്കം മൂർച്ഛിച്ചപ്പോളാണ് ഇയാൾ തോക്കെടുത്ത് മകനെ വെടിവെച്ചത്.
അയൽവാസികൾ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി വെടിയേറ്റ മകനെ ആശുപത്രിയിലാക്കി. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതോടെ അപകട നില തരണം ചെയ്തു. സംഭവത്തിൽ മുൻ സൈനികനെതിരെ കേസെടുത്തിട്ടുണ്ട്. എപ്പോഴും മകനും മരുമകളും പേരക്കുട്ടിയെ മർദ്ദിക്കുമെന്നും അതിനാലാണ് താൻ ദേഷ്യപ്പെട്ടതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.